Wednesday, June 4, 2008

എന്റെ സ്കൂള്‍കാലം

ഒരു സ്കൂള്‍ വര്‍ഷം കൂടി തുടങ്ങുന്നു.ഒന്നാം ക്ലാസിലെത്തി മണലിലെഴുതി അക്ഷരം പഠിക്കുന്ന പഴയ രീതിയെല്ലാം ഓര്‍മ്മകളിലായെങ്കിലും ഇന്നും സ്കൂള്‍ വര്‍ഷത്തിലെ ആദ്യ ദിനത്തിന്റെ പ്രാധാന്യം നഷ്ടപ്പെട്ടിട്ടില്ല.അച്ഛന്റെയോ അമ്മയുടെയോ വിരല്‍തുമ്പില്‍ തൂങ്ങി ഒന്നാം ക്ലാസിലേക്കെത്തുന്ന കുരുന്നുകള്‍.അവരുടെ വാശികളിലും കരച്ചിലിലും മുഖരിതമാകുന്ന സ്കൂള്‍ മുറ്റങ്ങള്‍.ടീച്ചറുടെ കണ്ണുവെട്ടിച്ച് കരഞ്ഞ് മുറ്റത്തേക്കോടി അമ്മയെ തിരയുന്ന കുഞ്ഞു കുരുന്നുകള്‍,അവര്‍ക്കിടയില്‍ ഓടിനടക്കുന്ന അധ്യാപകര്‍...അങ്ങനെ എല്ലാം എല്ലാം...ഓര്‍മ്മകളില്‍ സ്കൂള്‍ ജീവിതം വീണ്ടും തിരിച്ചുവരുന്നു.

മഴയും സ്കൂള്‍ തുറക്കലും എന്നും ഒരുമിച്ചായിരുന്നു.വീട്ടില്‍ നിന്നും പത്തു മിനിട്ടു നടക്കണം സ്കൂളിലേക്ക്.ഇടവഴിയിലും റോഡിലുമെല്ലാം വെള്ളം ഒഴുകി തുടങ്ങിയിരിക്കും.അതിലൂടെ ഒരു കൈയ്യില്‍ റബ്ബര്‍ ബാന്‍ഡിട്ട് കുടുക്കി തുണിക്കടയുടെ കവറില്‍ മടക്കി വെച്ച പുസ്തകവും മറുകൈയില്‍ കൂടയും.രാവിലെ എല്ലാം പതുങ്ങി നില്‍കുന്ന മഴ ക്യത്യം സ്കൂളിലേക്കിറങ്ങുന്ന സമയമാകുമ്പോള്‍ പെയ്തു തുടങ്ങും.പിന്നെ കുടയുമായൊരു അഭ്യാസയാത്ര,അതിനിടയില്‍ ട്രൌസറും ഷര്‍ട്ടുമൊക്കെ നനഞ്ഞിട്ടുണ്ടാവും.കുടക്കുപകരം വാഴയിലയും ചേമ്പിലയും ഉപയോഗിച്ചവരും ഉണ്ടാ‍യിരുന്നു കൂടെ.അങ്ങനെ സ്കൂളിലെത്തി ഒരു വിധം ബെഞ്ചിലെ സ്ഥലത്ത് ഇരിപ്പുറപ്പിക്കുമ്പോഴേക്കും ടീച്ചര്‍ എത്തും.പിന്നെ രണ്ടു പിരീഡ് ക്ലാസുകളും പഠന നിര്‍ദ്ദേശങ്ങളും.പിന്നെ ആദ്യ ഇന്റര്‍വെല്‍.ക്ലാസിന്റെ അരമതിനിനടുത്ത് മഴയും നോക്കി ഒരു നില്പ്.അപ്പോഴേക്കും അടുത്തെ ബെല്ലടിക്കും.ടീച്ചര്‍ എത്തി ക്ലാസ് തുടങ്ങും.നാലാമത്തെ പിരീഡ് പകുതിയാകുമ്പോഴേക്കും ഉച്ചഭക്ഷണ സമയമാകും.


ഒന്നാം ക്ലാസില്‍ തുടങ്ങിയപ്പോള്‍ അമെരിക്കന്‍ റവ എന്ന മഞ്ഞ പൊടി ഉപ്പുമാവായിരുന്നു ഉച്ചക്ക്.പിന്നെ അത് ഗോതമ്പം റവ എന്ന ഗോതമ്പ് റവയായി.മൂന്നിലെത്തിയപ്പോള്‍ കഞ്ഞിയും ചെറുപയര്‍ പുഴുങ്ങിയതും.വിദ്യഭ്യാസ കാലത്ത് ലഭിച്ച ഏറ്റവും നല്ല ഉച്ചഭക്ഷണം അതായിരുന്നു.മഴയത്ത് ഉച്ചക്ക് ചൂട് കഞ്ഞിയും നന്നായി തേങ്ങ ചിരകിയിട്ട് വറ്റല്‍ മുളകൊക്കെയിട്ട് പുഴുങ്ങിയ ചെറുപയറും.പിന്നെ അത് ചോറിനും കടലക്കറിക്കും പയറുകറിക്കും വഴിമാറി.എന്നും ആ കഞ്ഞിപയര്‍ സ്വാദ് നാവില്‍ തികട്ടിവരും.ഉച്ചഭക്ഷണത്തിനോടൊപ്പം പറയേണ്ടത് ഇടക്ക് വല്ലപ്പോഴും ഏതെങ്കിലും ടീച്ചര്‍മാരുടെ വകയായോ,സ്വാതന്ത്ര ദിനത്തിനോ ഒരു സദ്യയുണ്ടാവും എന്നതാണ്.അത് ഒരു ഉത്സവവും കൂടിയായിരിക്കും,കുട്ടികളും ടീച്ചര്‍മാരുമെല്ലാം ചേര്‍ന്ന് ചോറും കറിയും പായസവുണ്ടാക്കി എല്ലാരും ഒരുമിച്ചിരുന്നോരു സദ്യയുണ്ണല്‍.


മഴക്കാലമായതിനാല്‍ മിക്കവാറും ചോറുണ്ടതിനു ശേഷമുള്ള കളികള്‍ കുറയും അവിടവിടെയായി എല്ലാരും തൂങ്ങി തൂങ്ങി നിന്ന് ക്ലാസ് തുടങ്ങുന്ന സമയം തികക്കും.അതിനിടയില്‍ വീട്ടില്‍ പോയി ചോറുണ്ണുന്നവര്‍ പോയി വരും.പിന്നെ മൊത്തം മൂന്ന് പിരീഡ് ,അതിന്‍ല്‍ ആദ്യ രണ്ടെണ്ണം കഴിഞ്ഞാല്‍ ഒരു ഇന്റര്‍വെല്‍.പിന്നെ അരമണിക്കൂര്‍ ക്ലാസും ജനഗണമനയും,ഒരു ദിനത്തിലെ അങ്കം അവിടെ കഴിയുന്നു.ഇനി ഒരു വര്‍ഷം ഇതിന്റെ ആവര്‍ത്തനങ്ങള്‍....


ആവര്‍ത്തനങ്ങള്‍ക്കിടയില്‍ പ്രധാനമായും വരുന്ന സംഭവങ്ങള്‍ സാഹിത്യസമാജങ്ങളും യുവജനോത്സവങ്ങളും ശാസ്ത്രമേളകളുമാണ്.ഒപ്പം യൂറിക്കാ പരീക്ഷയും.എല്ലാ ശനിയാഴ്ചയുമാണ് സാഹിത്യ സമാജം വരിക.അവസാന രണ്ടു പിരീഡ്.(മുസ്ലീം സ്കൂള്‍ ആയതിനാല്‍ വെള്ളി അവധി)കുട്ടികള്‍ എല്ലാവരും ഒരു ഹാളില്‍ ഒത്തുകൂടി തങ്ങളുടെ കഥപരച്ചിലും കവിതാചൊല്ലലും മുട്ടിടിച്ച് ചൊല്ലാനാവാതെ പാതിവഴിയില്‍ നിര്‍ത്തലും ആവര്‍ത്തിക്കുന്നു.ഇടക്ക് സാഹിത്യ സമാജത്തില്‍ അതിഥികള്‍ എത്തും അപ്പോള്‍ മാജിക്കോ,കഥാപ്രസംഗമോ ഒക്കെ നടത്തും.ഒപ്പം ചിലപ്പോള്‍ സിനിമകളും.ദ്വീപും കുട്ട്യേടത്തിയുമൊക്കെ സ്കൂള്‍ സിനിമകളിലൂടെ വന്ന് മനസില്‍ കയറിയതാണ്.രംഗം ഓര്‍മ്മയില്ലെങ്കിലും കുട്ട്യേടത്തിയിലെ ഏതോ രംഗത്തിന്‍ കുട്ടികല്‍ അമര്‍ത്തിച്ചിരിച്ചത് ഇന്നും ഓര്‍മ്മയുണ്ട്.


പിന്നെ ശാസ്ത്രമേളകളും യുവജനോത്സവങ്ങളും.സ്റ്റില്‍ മോഡലും വര്‍ക്കിംഗ് മോഡലുകളും പ്രൊജക്റ്റുമൊക്കെയായി ഒരു ഒരുക്കമാണ് ശാത്രമേളക്ക്.രസകരമാണ് ആ യാത്ര.രാവിലെ ജീപ്പില്‍ എല്ലാം കെട്ടിപ്പെറുക്കി ശാസ്ത്രമേള നടക്കുന്ന സ്കൂളിലേക്ക് ഒരു യാത്ര.പിന്നെ 3 ദിവസം അവിടേയായിരിക്കും.കാണാനായി ധാരാളം നാട്ടുകാരും കുട്ടികളും വരും അവസാനദിനം രാവിലെ ജഡ്ജസ് എത്തും .അവരുടെ പണി കഴിഞ്ഞാല്‍ പിന്നെ എല്ലാം കൂട്ടിക്കെട്ടി തിരിച്ച് സ്കൂളിലേക്ക്.യുവജനൊത്സവങ്ങളും പതിവു പോലെ ആഘോഷാമാണ് സ്കൂളിനു.പങ്കേടുക്കുന്നതിനൊപ്പം അടുത്ത സ്ഥലത്താണെങ്കില്‍ ഒരു വണ്‍ ഡേ ടൂറും തരപ്പെടും അങ്ങോട്ട്.
പിന്നെ യൂറിക്ക പരീക്ഷ.പരിഷത്ത് തിളങ്ങി നില്‍ക്കുന്ന സമയം.സ്കൂളുകള്‍ തമ്മില്‍ വന്‍ മത്സരമായിരുന്നു യൂറിക്ക പരീക്ഷയില്‍ വിജയിക്കാന്‍.കുട്ടികളില്‍ ശാത്രബോധവും വായനാ സംസ്കാരവും വളര്‍ത്താന്‍ പരിഷത്തും യൂറീക്കാ പരീക്ഷയും ഒത്തിരി സഹായിച്ചിട്ടുമുണ്ട്.


മഴ മാറി വേനലായാല്‍ കളിക്കളങ്ങളും ഡ്രില്‍ പിരീഡും ഉണരുകയായി.ഒപ്പം വീണ് പരിക്ക്പറ്റുന്നവരുടെ നീണ്ട നിരയും.ക്രിക്കറ്റ് ഇത്ര സജീവമായിട്ടില്ല.അതിനാല്‍ കുട്ടിയും കോലും ,കബഡി,കുടു കുടു,ഗോളി,തുടങ്ങിയവയായിരുന്നു പ്രധാന കളികള്‍.ഏതിലായാലും പരിക്കിനു കുറവൊന്നുമില്ല എന്നതായിരുന്നു രസകരം.


ഇതിനിടയില്‍ ഏറ്റവും താല്പര്യമില്ലാത്ത് മൂന്നു കാര്യങ്ങള്‍ ക്ഷണിക്കപ്പെടാതെ കടന്നുവരും.ഓണപ്പരീക്ഷയും ക്രിസ്തുമസ് പരീക്ഷയും പിന്നെ കൊല്ല പരീക്ഷയും.ഇവ മൂന്നും ഒഴിവാക്കിയാ‍ല്‍ ഒരുവിധം കുഴപ്പമില്ലാതെ ഒരു അധ്യയന വര്‍ഷം കടന്നു പോകുമായിരുന്നു.


ഓര്‍മ്മകളില്‍ ഇനിയുമെന്തൊക്കെയോ നിറയുന്നുണ്ട്. നാട്ടിന്‍പുറത്തെ സ്കൂള്‍ പഠനം എന്തായാലും ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത കുറേ ഓര്‍മ്മകള്‍ മനസില്‍ നിറച്ചിട്ടാണ് കടന്നു പോകുക.വിശ്രമകാലത്തില്‍ നമുക്കു അയവിറക്കി ,ഒരു ചെറു പുഞ്ചിരി ചുണ്ടില്‍ വിടര്‍ത്താന്‍ വേണ്ടി...